ലണ്ടന്‍: മലയാളികള്‍ അടക്കമുള്ള നൂറുകണക്കിന് വിദേശ ദന്ത ഡോക്ടര്‍മാര്‍ക്ക് യുകെയില്‍ ജോലി അനായാസം നേടുന്നതിനുള്ള വഴിതുറക്കുന്നു. വിദേശത്ത് നിന്നുള്ള ദന്ത ഡോക്ടര്‍മാര്‍ക്ക് യുകെയില്‍ പ്രാക്ടീസ് നടത്താന്‍ ഇതുവരെ ആവശ്യമായിരുന്ന യോഗ്യതാ ടെസ്റ്റ് ഒഴിവാക്കാനാണ് പുതിയ തീരുമാനം. വിദേശത്തുനിന്നുള്ള ദന്ത ഡോക്ടര്‍മാരുടെ വിദ്യാഭ്യാസവും വൈദഗ്ധ്യവും പരിശോധിക്കാന്‍ ഇപ്പോള്‍ നടത്തിവരുന്ന പരീക്ഷയില്ലാതെ അവരെ യുകെയിലെമ്പാടും ജോലി ചെയ്യാന്‍ അനുവദിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
രാജ്യത്തെ എന്‍എച്ച്എസ് ആശുപത്രികളിലും ഇതര ആരോഗ്യകേന്ദ്രങ്ങളിലും നിലവിലുള്ള ദന്ത ഡോക്ടര്‍മാരുടെ കടുത്ത ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. ദന്ത ഡോക്ടര്‍മാരുടെ വേതന വര്‍ധനവും സ്പെഷ്യല്‍ ബോണസും ഇന്‍സെന്റീവും അടക്കം കൂടുതല്‍ ആനുകൂല്യങ്ങളും പദ്ധതിയിലുണ്ട്. പുതിയ പദ്ധതി മൂന്ന് മാസത്തെ പബ്ലിക് കണ്സള്ട്ടേഷന് ശേഷമായിരിക്കും നടപ്പിലാക്കുക. വേഗത്തിലുള്ള പ്രക്രിയ കൂടുതല്‍ ദന്തഡോക്ടര്‍മാരെ രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്നും നിലവിലെ കുറവ് പരിഹരിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
എന്‍എച്ച്എസില്‍ ആവശ്യത്തിന് ദന്ത ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ദന്തരോഗങ്ങളുമായി ആയിരക്കണക്കിന് രോഗികള്‍ മാസങ്ങളോളം വേദന സഹിച്ച് കഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ മാസം ആദ്യം പ്രഖ്യാപിച്ച ഇംഗ്ലണ്ടിനായുള്ള ഗവണ്മെന്റിന്റെ 200 മില്യന്‍ പൗണ്ടിന്റെ എന്‍എച്ച്എസ് ഡെന്റല്‍ റിക്കവറി പ്ലാനിന്റെ ഭാഗമായാണ് നിര്‍ദേശം. നിലവില്‍ വിദേശ ദന്ത ഡോക്ടര്‍മാര്‍ യുകെയില്‍ ജോലി ആരംഭിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ പാസാകേണ്ടതുണ്ട്. പുതിയ തീരുമാനം ജനറല്‍ ഡെന്റല്‍ കൗണ്‍സിലിന് (ജിഡിസി) പരീക്ഷ നടത്താതെ തന്നെ വിദേശ ഡോക്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കാനുള്ള അധികാരം നല്‍കും.