തലവേദന:ആണ്‍-പെണ്‍ ഭേദമില്ലാതെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും രോഗം വരാം

രോഗത്തിനു പ്രായഭേദമോ ലിംഗഭേദമോ ഒന്നും ഇല്ലെന്ന് പൊതുവേ നാം പറയാറുണ്ട്. ആണ്‍-പെണ്‍ ഭേദമില്ലാതെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും രോഗം വരാം. എന്നാല്‍ ചിലതരം തലവേദനയുടെ കാര്യമെടുത്താല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് അത് പലപ്പോഴും വരുന്നതെന്ന് കാണാം. അടുത്തിടെ അമേരിക്കയില്‍ നടന്ന ഒരു സര്‍വേയും ഇത് ശരിവയ്ക്കുന്നു. എന്തായിരിക്കാം ഇതിന് കാരണമെന്ന ചിന്ത ഗവേഷകരെ എത്തിക്കുന്നത് സ്ത്രീകളിലെ ഹോര്‍മോണുകളിലേക്കാണ്.

തലവേദനകളില്‍ ഏറ്റവും വ്യാപകമായത് മൈഗ്രേയ്ന്‍ മൂലമുള്ള തലവേദനയാണ്. പ്രായപൂര്‍ത്തിയാകും മുന്‍പ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഈ മൈഗ്രേയ്ന്‍ തലവേദന ഒരേ പോലെ അനുഭവപ്പെടാം. എന്നാല്‍ പ്രായപൂര്‍ത്തിയെത്തുന്നതോടെ മൈഗ്രേയ്ന്‍ പെണ്‍കുട്ടികളിലും സ്ത്രീകളിലും കൂടുതല്‍ വ്യാപകമായി കണ്ട് വരുന്നതായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡോ. ആന്‍ മക്ഗ്രെഗോര്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പുരുഷന്മാരെ അപേക്ഷിച്ച് മൈഗ്രേയ്ന്‍ തലവേദന വരാനുള്ള സാധ്യത സ്ത്രീകള്‍ക്ക് രണ്ട് മുതല്‍ മൂന്ന് മടങ്ങ് അധികമാണെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളജ് ഓഫ് മെഡിസിനിലെ ഡോ. ജെലേന പാവ്ലോവിക്കും പറയുന്നു.